
പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹം കഴിഞ്ഞ് രണ്ടാംനാൾ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിനിയായ പതിനേഴുകാരിയുടെ മരണത്തിലാണ് ഭർത്താവ് ഭവാനിസാഗർ സ്വദേശി ശക്തിവേലിനെ(31) പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുകൂടിയാണ് ഇയാൾ. ജൂലായ് പതിനഞ്ചിനായിരുന്നു ഇവരുടെ വിവാഹം. പതിനേഴാം തീയതിയാണ് പെൺകുട്ടി മരിച്ചത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
എട്ടാംക്ലാസിൽ പഠനംനിർത്തിയ പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് ബന്ധുവായ ശക്തിവേൽ പെൺകുട്ടിയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ പിറ്റേദിവസം പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്ന് പറയുന്നു. ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെൺകുട്ടിയെ സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂർ മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു.
തുടർന്ന്, പെൺകുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്സോ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത് സത്യമംഗലം ജയിലിലടച്ചു.











